Monday, February 8, 2010

ഒരു കഥാലേഖനം , ഒരു ലേഖനം

കഥ
കല്‍ക്കത്താ തിസീസിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്പാര്‍ട്ടി നിരോധിക്കപ്പെട്ട കാലം. നേതാക്കന്മാരെല്ലാം ഒളിവില്‍ പോയി. ചിലര്‍ കാട്ടില്‍, ചിലര്‍ നാട്ടില്‍, ചിലര്‍ നഗരത്തില്‍, ചിലര്‍ കടലില്‍,ചിലര്‍ ആകാശത്തില്‍. മുക്കുവരായും മന്ത്രവാദികളായും മുറിവൈദ്യന്മാരായും കവികളായും കാമുകരായും അവര്‍ ഒളിപ്രവര്‍ത്തനങ്ങളില്‍ മുഴുകി.

ഉത്തരകേരളത്തിലെ ഒരു ഗ്രാമവും പഴയ ഒരു ഇല്ലത്തിന്റെ മൂന്നാംനിലയുമാണ് സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്റെ ഒളിവ് ജീവിതത്തിനായി തിരഞ്ഞെടുത്തത്. ഈ വിവരം എങ്ങനെയോ അറിഞ്ഞ് ഒരുദിവസം ഉച്ചയോടെ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പൊലീസും പട്ടാളവും ഇല്ലവും ഗ്രാമവും വളഞ്ഞു...

മൂന്നാംനിലയുടെ മട്ടുപ്പാവില്‍ വായനയില്‍ ലയിച്ചിരിക്കുന്ന സഖാവ് നമ്പൂതിരിപ്പാടിനെ പൊലീസ് മേധാവി ബൈനോക്കുലറിലൂടെ കണ്ടു. "മിസ്റ്റര്‍ നമ്പൂതിരിപ്പാട് താങ്കള്‍ പൊലീസിന്റെ വലയില്‍ അകപ്പെട്ടിരിക്കുന്നു. കീഴടങ്ങുക മാത്രമാണ് താങ്കള്‍ക്ക് രക്ഷ". മേധാവി മൂന്നുവട്ടം ലൌഡ്സ്പീക്കറിലൂടെ വിളിച്ചു പറഞ്ഞു.

ഒരനക്കവും കേള്‍ക്കാതായപ്പോള്‍ പൊലീസും പട്ടാളവും ഇല്ലത്തിന്റെ അകത്തുകടന്നു. മൂന്നാം നിലയുടെ മട്ടുപ്പാവില്‍ ഒരു ചാരുകസേരയില്‍ കിടന്ന് ഇ.എം.എസ് വായിക്കുകയായിരുന്നു. പൊലീസുകാരെ കണ്ടയുടന്‍ സഖാവ് പുസ്തകം താഴെവച്ച്   തൊഴുതു. പെട്ടെന്ന് ഒരു ഓന്ത് അതിലെ ഓടിപ്പോകുന്നത് പൊലീസുകാര്‍ കണ്ടു. ഓന്തിനെ അതിന്റെ പാട്ടിനുവിട്ട് അവര്‍ ഇ.എം.എസ്സിന്റെ നേരെ തോക്കുകള്‍ ചൂണ്ടി. പക്ഷേ, സഖാവിനെ കാണാനില്ലായിരുന്നു. പുസ്തകവും കസേരയും അവിടത്തന്നെയുണ്ടായിരുന്നു.

മട്ടുപ്പാവിന്റെ ഇരുമ്പഴികള്‍ കയറി മറിഞ്ഞ് ഓന്ത് അപ്പോഴേക്കും ഓട്ടിന്‍പുറത്തെത്തിയിരുന്നു. അവിടെനിന്ന് അത് തലയുയര്‍ത്തി പൊലീസുകാരെ തിരിഞ്ഞുനോക്കി. ഓന്തിന്റെ നിറം ചുകപ്പാകുന്നത് കണ്ടപ്പോള്‍ പൊലീസ് മേധാവി ജില്ലാകലക്ടറോട് ചോദിച്ചു "ഒടിയന്‍ ഓന്ത് ചോര കുടിക്കുമോ സാര്‍"

ലേഖനം

ഒട്ടും സ്വാര്‍ത്ഥതയില്ലാതെ രാജ്യനന്മയ്ക്കുവേണ്ടി താന്‍ ചെയ്തതെല്ലാം പിഴവായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഈഡിപ്പസ് ആ തെറ്റുകള്‍ ഏ റ്റുപറയുക മാത്ര മല്ല ചെയ്തത്. തന്റെ വികലമായ കാഴ്ചയ്ക്ക് പ്രായശ്ചിത്തമെന്നോണം സ്വന്തം കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച്  നല്ലവനായ ആ രാജാവ് സ്വരാജ്യം തന്നെ ഉപേക്ഷിച്ച് പോയി. സത്യം കാണാന്‍ ആ പഴയ കണ്ണുകള്‍ അപര്യാപ്തമാണെന്നും ഇനിയങ്ങോട്ടുള്ള യാത്രയ്ക്ക് പുതിയ കണ്ണുകള്‍ വേണമെന്നുമുള്ള തിരിച്ചറിവാണ് ഈ കണ്ണുകുത്തിപ്പൊട്ടിക്കല്‍.

ഇ.എം.എസ്സോ? തന്റെ പഴയ പല കാഴ്ചകളും വിശ്വാസങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തികളും തെറ്റായിരുന്നുവെന്ന് തിരിച്ചറിയുകയും അവയില്‍ പലതും ഏറ്റുപറയുകയും ചെയ്തു. പക്ഷേ, തുടര്‍ന്നും ആ പഴയ കണ്ണുകളിലൂടെ തന്നെ ലോകത്തെ നോക്കിക്കാണുന്നു. സ്വന്തം കണ്ണുകള്‍ക്ക് പകരം അടുത്തുള്ളവന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നു.

2 comments:

  1. Isn't it amazing that there was a time when an undomesticated TPR used to sound quite similar to our main man, calicocentric? Eerie similarity.

    ReplyDelete
  2. തേഞ്ഞിപ്പാലം അംശംദേശം
    സര്‍വ്വകലാശാലാ വളപ്പില്‍
    നൂറ്റൊന്നു കുറുക്കന്മാരില്‍
    ചട്ടുകാലന്‍ ഓരിക്കുറുക്കനെ
    കാണ്‍മാനില്ല.

    ReplyDelete